Loading...
blog

35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവ്; ആ പ്രവർത്തനങ്ങൾ മന്ത്രിയാക്കി: അഭിമാന നിമിഷമെന്ന് ആന്റോ ആന്റണി

ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിന്‍സൺ ആന്‍റോ ചാള്‍സ്... ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന മലയാളി എന്ന നേട്ടവും ഇതോടെ ജിൻസൻ സ്വന്തമാക്കി.

ഓസീസ് മലയാളികൾക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് വിവിധ സംഘടനാ പ്രവർത്തകർ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്സൺ.

ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജിന്‍സൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു.

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്. അനുവാണ് ഭാര്യ. പത്തുവയസുകാരിയായ ഐമിയും നാലുവയസുകാരി അന്നയുമാണ് മക്കൾ.

പ്രവാസി മലയാളികൾക്ക് വേണ്ടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്റർ കൂടിയാണ് ജിൻസൺ ചാൾസ്.

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി അംഗമാകുന്ന മലയാളിയായ ജിൻസൺ ആന്‍റോ ചാൾസിന്റെ നേട്ടം അഭിമാനകരമാണെന്ന് പിതൃസഹോദരനും എംപിയുമായ ആന്റോ ആന്റണി പറഞ്ഞു. കഠിനാധ്വാനിയായ ജിൻസൻ മന്ത്രിയെന്ന നിലയിലും ഏറെ ശോഭിക്കും. വിദ്യാർഥിയായിരിക്കെ 2009 ൽ തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഏറെ സജീവമായിരുന്ന ജിൻസന് അന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ചും  അറിവുണ്ടായിരുന്നു എന്നും ആന്റോ ആന്റണി വ്യക്തമാക്കി. 


35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവായും ജിന്‍സൺ തിളങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങള്‍  മികവുറ്റതായിരുന്നു. ഈ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചത്. ഭരണപക്ഷത്തുണ്ടായിരുന്ന മന്ത്രിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 70% വോട്ടിനാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചതും. തിരഞ്ഞെടുപ്പിലെ വലിയ വിജയങ്ങളിലൊന്നു നേടിയ ജിൻസൻ മന്ത്രിസഭയിലേക്ക് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാകുന്നതു വരെ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 

ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രിപദവി ഓസ്‌ട്രേലിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മുഖച്ഛായയെ അടയാളപ്പെടുത്തുന്നതാണെന്നും ഇത് രാജ്യത്തിന്റെ സമ്പന്നമായ ബഹുസാംസ്കാരിക സത്വത്തെ പ്രതിഫലിപ്പിക്കുന്നതായും ഓസ്ട്രേലിയൻ മലയാളിയും കണ്ടന്റ് ക്രിയേറ്ററും തൃശൂർ സ്വദേശിയുമായ അഞ്ജലി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം, പുനരധിവാസം എന്നീ മേഖലകളിലും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.

ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..

- Benyamin

Top Related Post